കേന്ദ്ര സർക്കാർ സിദ്ധ ചികിത്സക്ക് അർഹിക്കുന്ന പ്രാധാന്യം നൽകും: അൽഫോൺസ് കണ്ണന്താനം
കേന്ദ്ര സർക്കാർ സിദ്ധ ചികിത്സക്ക് അർഹിക്കുന്ന പ്രാധാന്യം നൽകും: അൽഫോൺസ് കണ്ണന്താനം
പാരമ്പര്യ ചികിത്സാ ശാസ്ത്രങ്ങളെ മുൻനിരയിലെത്തിക്കുക എന്ന നയത്തെ ഉയർത്തിപ്പിടിക്കുന്ന കേന്ദ്ര സർക്കാർ സിദ്ധവൈദ്യശാസ്ത്രത്തിന് അർഹിക്കുന്ന പരിഗണന നൽകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ഈ മേഖലയിലെ അക്കാദമിക- പാരമ്പര്യ വിദഗ്ധരെ കൂട്ടിച്ചേർത്ത് കൊണ്ട് രൂപം നൽകിയ 'സഹ്യാദ്രി സിദ്ധ ട്രസ്റ്റി'ന്റെ ഉൽഘാടനവും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന ഏകദിന സെമിനാറിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വെച്ചു നടത്തിയ ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷനായി. നാഗ്പൂർ ഓറഞ്ച് സിറ്റി ഹോസ്പിറ്റൽ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.ഉദയഭാസ്കർ , സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ വൈസ് പ്രസിഡന്റ് ഡോ.വി.ബി. വിജയകുമാർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ സോ. എ . വാസുകീദേവി , ഇംപ്കോപ്സ് ഡയറക്ടർ ഡോ. എ .അൻസാരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. അഭിൽ മോഹൻ സ്വാഗതവും സംഘാടക സമിതി സെക്രട്ടറി ഡോ. കെ.ജി.വേണുഗോപാൽ നന്ദിയും പറഞ്ഞു.
ഭാരതത്തിന്റെ ഏറ്റവും പൗരാണികമായ ചികിത്സാ ശാസ്ത്രവും ദ്രാവിഡ സംസ്കൃതി ലോകത്തിനു നൽകിയ ഏറ്റവും മഹത്തായ സംഭാവനയുമാണ് സിദ്ധവൈദ്യം. കേരളത്തിലെ നാട്ടുവൈദ്യത്തിലും പാരമ്പര്യ ചികിത്സയിലും ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഈ വൈദ്യസംസ്കാരത്തെ കേരളത്തിന്റെ മണ്ണിൽ പുനരുജ്ജീവിപ്പിക്കുകയും സാധാരണക്കാരിൽ ഈ ഈ ചികിത്സാ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് 'സഹ്യാദ്രി സിദ്ധ ട്രസ്റ്റ് ' എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി കാൻസർ ചികിത്സാ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജ് മുൻ വൈസ് പ്രിൻസിപ്പാളുമായ ഡോ.സി.പി. മാത്യു, ഡോ. വി.ബി. വിജയകുമാർ, മലയാറ്റൂർ സുകമാരൻ വൈദ്യർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് സിദ്ധ മെഡിക്കൽ അസോസിയേഷന്റെ നേത്രത്വത്തിൽ ഏകദിന സെമിനാറും നടന്നു.
Comments
Post a Comment